Thursday, June 16, 2011

കന്യാവ്


അസ്ഥിപ്ലാവിനും കന്യാവിനും മധ്യേ ഈ രാത്രിയില്‍ ചാരുകസേരയില്‍ ഇരിക്കുമ്പോള്‍, തനിക്കു ചുറ്റും കാല്‍പ്പനികതയുടെ മേലങ്കിയണിഞ്ഞ നിലാവ് ഇരുട്ടിലൂടെ വാര്‍ന്ന് മരച്ചില്ലകളില്‍ തട്ടി അവ്യക്തമായ നിഴലുകള്‍ സൃഷ്ടിക്കുന്നു. എപ്പോഴൊക്കെയോ താന്‍ വീണ്ടും തോട്ടത്തില്‍ കുടുംബത്തിലെ ഇളംമുരക്കാരനായി  മാറുന്നു.




കന്യാവില്‍ കരിന്തിരിയുടെ ഗന്ധം പരക്കുന്നുണ്ടായിരുന്നു. ഇന്ന് അസ്ഥിപ്ളാവ് എന്ന പേര് മാത്രമേയുള്ളൂ. വരണ്ടുണങ്ങിയ ഈ വടവൃക്ഷത്തിനു ചോട്ടില്‍ ഇന്ന് അസ്ഥിത്തറകളില്ല. അവസാനമായി പൊളിച്ചത് അപ്പൂപ്പന്റേതായിരുന്നു. 12 കൊല്ലങ്ങള്‍ക്ക് മുന്‍പ്… തന്‍റെ ഇരുപത്തിമൂന്നാം വയസ്സില്‍…

പുലര്‍ച്ചെ റസിഡന്‍സ് അസോസിയേഷന്റെ റീഡിങ് ഹാളില്‍ പോയി. ആദ്യം പത്രം എത്തുന്നത് അവിടെയാണ്. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി… ഇവയിലേതെങ്കിലും ഒന്നാണ് ഇവിടത്തുകാര്‍ക്ക് ഇന്ത്യന്‍ ജേര്‍ണലിസത്തിന്റെ അവസാന വാക്ക്. പാര്‍ട്ടിക്കൂറുകളും അത് നിശ്ചയിക്കുന്നതില്‍ ഘടകമായിരുന്നു. അവിടെ നിന്നിറങ്ങി ബണ്ടും കടന്ന് ഇറക്കമിറങ്ങുമ്പോഴാണ് നാസറിന്റെ പുരയിടത്തിലെ ചീലാന്തിയുടെ ശിഖിരങ്ങളില്‍ വെളിച്ചം വീണ് തുടങ്ങുന്നത് കണ്ടത്. ‘പീപ്പിമരം’ എന്നാണ് ഞങ്ങള്‍ പിള്ളേര്‍ അതിനെ വിളിച്ചിരുന്നത്. ഇലകള്‍ ചുരുട്ടി പീപ്പി ഉണ്ടാക്കുന്നതില്‍ താനൊരു പൂര്‍ണ്ണപരാജയമായിരുന്നു. ഭാസ്ക്കരേട്ടന് ഡോക്ട്രേറ്റാണ് അക്കാര്യത്തില്‍. ഇന്ന് പുരയിടത്തില്‍ ആകെ അവശേഷിക്കുന്നത് ചീലാന്തിയും ഒരു തെങ്ങും മാത്രമാണ്. അയണിച്ചക്കയും കാപ്പിക്കുരുവും ശീമപ്ളാവും വിസ്മൃതിയിലേക്ക് മറഞ്ഞിരുന്നു.

പഴുത്ത ഓലകള്‍ വീണ് കിടക്കുന്ന ചെളിമണ്ണിന്റെ അരിക് പറ്റി നടക്കുമ്പോള്‍ ഈര്‍ക്കിലുകള്‍ ഒടിയുന്നതിന് ഒരു നേര്‍ത്ത ഒച്ചയുണ്ടായിരുന്നു. ചിതറിക്കിടക്കാറുണ്ടായിരുന്ന അയണിക്കുരുക്കളും മനസ്സിലൂടെ കടന്നു പോയി. ഇരുപത്തിമൂന്നിനും മുപ്പത്തിയഞ്ചിനുമിടക്ക് താന്‍ കണ്ട ലോകത്തിന്റെ ക്യാന്‍വാസില്‍ അനേകം ചിത്രങ്ങളുണ്ടായിരുന്നു. താനും ചില പോറലുകള്‍ വീഴ്ത്താന്‍ ശ്രമിച്ചു. തോട്ടത്തില്‍ വീടിന്റെ മുരുക്കു വേലികള്‍ പൊട്ടിച്ചെറിയാന്‍ അധികനാള്‍ വേണ്ടിവന്നില്ല. കോളേജ് ഇങ്ക്വിലാബുകളില്‍ നിന്നും പലതും പഠിച്ചിരുന്നു. മതവും ജാതിയും അന്ധമായ വിശ്വാസങ്ങളും ഇഷ്ടാനിഷ്ടങ്ങളുടെയും ഇച്ഛാശക്തിയുടെയും ബലി പിണ്ഠങ്ങള്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞു. നാവും തൂലികയും കൈകളും ഒരേ ദിശയില്‍ സഞ്ചരിക്കണമെന്ന് ഉറപ്പിച്ച ദിവസങ്ങള്‍. തലസ്ഥാനത്തെ ഒരു ഇംഗ്ളീഷ് പത്രത്തിന്റെ ട്രെയ്നി റിപ്പോര്‍ട്ടര്‍ക്ക് അത്രയും ആവേശം മതിയായിരുന്നു.  ആത്മീയത എന്തെന്നറിയാന്‍ ശ്രമം നടത്തി; യുക്തിവാദത്തിന്റെ വഴിയിലേക്ക് നീങ്ങി.

കഴിഞ്ഞയാഴ്ച്ചയാണ് ഡല്‍ഹി വിട്ടത്. ഇനി മറ്റൊരു മെട്രോയിലേക്ക്. പ്രവൃത്തി പരിചയമുള്ള സബ്-എഡിറ്ററുടെ തസ്തികയിലേക്ക് സ്ഥാനക്കയറ്റം. നാളെ പുലര്‍ച്ചെയാണ് ട്രെയിന്‍. കന്യാവിലെ കരിന്തിരിയുടെ ഗന്ധം ശക്തിയാര്‍ജിക്കുന്നു. തിരികെട്ട് പുക അസ്ഥിപ്ളാവിലേക്ക് പറക്കുമ്പോള്‍ ആത്മാക്കള്‍ ഇവിടെ വരുമായിരിക്കും! ഈ പ്ളാവ് പണ്ട് നല്ലപോലെ കായ്ക്കുമായിരുന്നു. മുത്തശ്ശന്റെ ജേഷ്ഠന്റെ അസ്ഥിയാണ് ആദ്യം അതിന് ചുവട്ടില്‍ അസ്ഥിത്തറ കെട്ടി സൂക്ഷിച്ചത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നുകൂടി ഉയര്‍ന്നു; കണ്ണന്‍മേടയിലെ മുത്തശ്ശിയുടെ… അന്ന് മുതലാണ് പ്ളാവ് ശുഷ്കിച്ച് തുടങ്ങിയത് എന്നാണ് വിശ്വാസം.

പത്രമോഫീസുകളുടെ തിരക്കിട്ട ഡസ്ക്കുകളില്‍ ഇവയൊന്നും തനിക്ക് വിശ്വാസങ്ങളായിരുന്നില്ല; കഴിഞ്ഞയാഴ്ച്ച വരെയും. കന്യാവിലെ ഇഷ്ടിക തളത്തില്‍ പണ്ട് കരിവളകള്‍ കണ്ടതായി ഓര്‍ക്കുന്നു. മൂത്ത വല്ല്യമ്മക്കു മുന്‍പ് മൂന്ന് പെണ്‍കുട്ടികള്‍ അമ്മൂമ്മക്ക് ജനിച്ചിരുന്നു. ഒന്നോ രണ്ടോ മാസം തികയുന്നതിന് മുന്‍പ് അവര്‍ ഈ ലോകം വെടിഞ്ഞു. അങ്ങനെ ജ്യോത്സ്യന്‍ പറഞ്ഞതനുസരിച്ചാണ് അവരെ സങ്കല്‍പ്പിച്ച് അസ്ഥിപ്ളാവിന് ചോട്ടില്‍ കന്യാവ് എന്ന സങ്കല്‍പ്പമുണ്ടായത്. പെണ്‍കുട്ടികള്‍ക്ക് വളയോ ചാന്തോ വാങ്ങിയാല്‍ ഉടനെ അമ്മൂമ്മ അന്വേഷിക്കും.

"കന്യാവില് വെച്ചോ?”

വളര്‍ന്നപ്പോള്‍ ആ ചോദ്യമൊക്കെ നിസ്സാരമായി തോന്നി. കെട്ടു കഥകളുടെ മുരുക്കുവേലി അപ്പോഴേക്കും ചിതറിപ്പോയിരുന്നു. ഓര്‍മ്മകളില്‍ നിന്ന് പിടിച്ച് കുലുക്കിക്കൊണ്ടാണ് ഭാസ്ക്കരേട്ടന്‍ ചോദിച്ചത് : “നാളെയാ നീ പോണേ?”

ഭാസ്ക്കരേട്ടന്‍ അമ്മാവന്റെ മകനാണ്. കണ്ണന്‍മേടയിലേക്കുള്ള കല്ലിട്ട റോഡിലൂടെ സൈക്കിളിന്റെ മുന്നില്‍ തന്നെയുമിരുത്തി ആറ്റിന്‍ കരയില്‍ കൊണ്ടുപോയിരുന്ന ഈ മനുഷ്യന് ആഗ്രഹങ്ങള്‍ പരിമിതമായിരുന്നു. തന്റെ ലേഖനങ്ങള്‍ വായിക്കാറില്ലെങ്കിലും പലരും പറഞ്ഞത് കേട്ടിട്ടാവണം ഏട്ടന്‍ ഒരിക്കല്‍ ചോദിച്ചു:

“എന്തൊക്കെയാ നീ ഈ എഴുതി പിടിപ്പിക്കണെ?”

ഏതോ ലോകത്ത് നിന്നോ ഞെട്ടിയുണര്‍ന്നതാണെന്ന് ഏട്ടന് മനസിലായിക്കാണും.

"എടാ മാഷേ, നീ നാളെ പോണൂന്നു കേട്ടല്ലോ?”

"അതെ, നാളെ പുലര്‍ച്ചയാ ട്രയിന്‍”

ഏട്ടന്‍ പിന്നീടും എന്തൊക്കെയോ സംസാരിച്ചു. തറവാടും ബന്ധുക്കളും നടന്ന വിവാഹങ്ങളും ഒക്കെ അതില്‍പ്പെടും. ഓര്‍മ്മകള്‍ ഓര്‍ത്തെടുക്കുന്ന തനിക്ക് എന്തുകൊണ്ട് ഏട്ടന്റെ നാട്ടുവര്‍ത്തമാനം വിരസമാകുന്നു?  ഇറങ്ങാന്‍ നേരം ഏട്ടന്‍ പരഞ്ഞു.

"ശരി കെടന്നോ, നാളെ ഞാനും വരാം സ്റ്റേഷന്‍ വരെ.”

വേണ്ടെന്ന് പറയാന്‍ ആലോചിച്ചു. പക്ഷേ പറഞ്ഞില്ല. ഭാഗം കിട്ടിയ സ്വന്തം ലോകത്തേക്ക് ഏട്ടന്‍ വേലിമുറിച്ച് കടന്നു; ഒരു സാധുവിനെപ്പോലെ…

കരിവളകളുടെയും ശുഷ്കിച്ച് വരണ്ടുണങ്ങുന്ന പ്ളാവിന്റെയും വിശ്വാസങ്ങളില്‍ നിന്നു ഞാന്‍ നാളെ വീണ്ടും എന്നെ പറിച്ചു നടും.

വീണ്ടും ചാരു കസേരയില്‍ മലര്‍ന്ന് കിടന്ന് കണ്ണടക്കുമ്പോള്‍ മനസ്സ് അനാഥമായിരുന്നു. പഴകിയ വിശ്വാസങ്ങളോ പറഞ്ഞു പഠിപ്പിച്ച പുരോഗമന തത്ത്വങ്ങളോ തന്നെ ഏറ്റെടുക്കുകയില്ല!

ചീലാന്തിമരത്തിന്റെ ഇലകളില്‍ ആദ്യ കിരണം പതിക്കാന്‍ ഇനി മണിക്കൂറുകളേയുള്ളൂ. താന്‍ ഇറങ്ങുകയാണ്… കന്യാവിലെ കരിന്തിരി മഞ്ഞില്‍ കുതിര്‍ന്നിരിക്കുന്നു.

വേലിക്കപ്പുറത്തു നിന്ന് ടോര്‍ച്ച് കത്തിച്ചുകൊണ്ട് നടന്ന് വരുന്നത് ഭാസ്ക്കരേട്ടനായിരിക്കും. ഏട്ടനോട് ഒന്നേ ചോദിക്കണമെന്ന് തോന്നിയുള്ളൂ… ഭാസ്ക്കരേട്ടനു ഡോക്ട്രേറ്റുള്ള ആ വിദ്യ ഒന്നു പഠിപ്പിച്ചു തരണമെന്ന്…